സംസ്ഥാനത്ത് കാലവർഷ കാറ്റ് ദുർബലമായതിനാൽ മഴ ലഭ്യത കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

തിരുവനന്തപുരം: കേരളത്തിലേക്കുള്ള കാലവർഷ കാറ്റ് ദുർബലമായതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം മഴ ലഭ്യത കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ ലഭിക്കുന്ന മഴ കുറയുമെന്നതിനാൽ അടുത്ത ദിവസങ്ങളിൽ പ്രത്യേക മുന്നറിയിപ്പുകളോ അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല. ബിപോർജോയ് ചുഴലിക്കാറ്റ് കാലവർഷ കാറ്റിനെ ശക്തിപ്പെടുത്തന്നതിൽ സഹായിച്ചിരുന്നു. എന്നാൽ ചുഴലിക്കാറ്റ് കേരളാ തീരത്ത് നിന്നും അകന്ന് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെ സ്വാധീനം നഷ്ടമായി. അതെസമയം അടുത്ത ആഴ്ചയോടെ കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ട്. കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കാനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.