കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകും

കൊച്ചി: മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനം. സ്വകാര്യ ഏജന്‍സികള്‍ വഴി ജൈവമാലിന്യം നീക്കം ചെയ്യുന്ന സംവിധാനം പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാകുന്നതിനുളള കാലതാമസം പരിഗണിച്ചാണ് പുതിയ തീരുമാനം. കോര്‍പറേഷനിലെ മാലിന്യനിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരായ എം.ബി രാജേഷ്, പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം. പ്രതിദിനം 50 ടണ്‍ വരെ ജൈവമാലിന്യമാകും ബ്രഹ്‌മപുരത്തേയ്ക്ക് കൊണ്ടുപോവുക. മുന്‍കാലങ്ങളിലേതുപോലെ മാലിന്യം നിക്ഷേപിക്കുന്നത് അനുവദിക്കില്ല. നിലവിലുളള ഷെഡ്ഡിന്റെയും ആര്‍ആര്‍എഫ് കെട്ടിടത്തിന്റെയും അറ്റകുറ്റപണികള്‍ നടത്തി അവ മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിക്കും. രണ്ടു മാസത്തിനുള്ളില്‍ കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ കണ്ടെത്തി കരാറില്‍ ഏര്‍പ്പെട്ട് ജൈവമാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയതായും മന്ത്രിമാര്‍ അറിയിച്ചു.