തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ വീണ്ടും കേരളത്തിന് കേന്ദ്രത്തിന്റെ അവഗണന. രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കേരളത്തിന് ഒന്നുപോലും നല്‍കിയില്ല. 30 സര്‍ക്കാര്‍ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കല്‍ കോളജുകളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളജുകളും അനുവദിച്ചു. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, നാഗാലാന്‍ഡ്, ഒഡീഷ, രാജസ്ഥാന്, ബംഗാള്‍ , യുപി എന്നിവയാണ് കേന്ദ്രം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച മറ്റു സംസ്ഥാനങ്ങള്‍. അതേസമയം, വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യവും കേന്ദ്രം തള്ളി.