പേവിഷ വാക്‌സിൻ: എ.പി.എൽ. വിഭാഗക്കാർക്ക് സൗജന്യമായി നൽകിയിരുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എ.പി.എൽ. വിഭാഗക്കാർക്ക് പേവിഷ വാക്‌സിൻ സൗജന്യമായി നൽകിയിരുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. പേവിഷ വാക്‌സിനെടുക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവരിൽ 70 ശതമാനവും എ.പി.എൽ. വിഭാഗക്കാരാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരുവുനായശല്യം രൂക്ഷമായതിനുപിന്നാലെ വാക്‌സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ 145 ശതമാനമാണ് വർദ്ധനവ്. ഉപയോഗം കൂടിയതോടെ കഴിഞ്ഞവർഷവും സർക്കാർ ആശുപത്രികളിൽ വാക്‌സിന് ക്ഷാമം നേരിട്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജുകളിൽ ആരോഗ്യവകുപ്പ് പഠനം നടത്തിയിരുന്നു. ചികിത്സ തേടിയവരിൽ 60 ശതമാനംപേർ വളർത്തുമൃഗങ്ങളുടെ കടിയേറ്റവരാണെന്ന് പഠനത്തിൽ കണ്ടെത്തി. പേവിഷബാധയേൽക്കുന്നവരിൽ 40 ശതമാനംപേരും 15 വയസ്സിൽ താഴെയുള്ളവരാണ്.