വാഷിംഗ്ടൺ: ഉറക്കം അഞ്ചു മണിക്കൂറിൽ കുറവാണെങ്കിൽ സ്ട്രോക്കിനു സാധ്യത കൂടുതലാണെന്നു പഠനം. അമേരിക്കൻ ന്യൂറോളജി അക്കാദമിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അയർലൻഡിലെ ഗോൽവേ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. സ്ട്രോക്ക് പ്രതിരോധത്തിൽ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ് തങ്ങളുടെ പഠനഫലമെന്ന് ഗവേഷകർ പറഞ്ഞു. 62 വയസു പ്രായമുള്ള 4496 പേരെ ആസ്പദമാക്കിയാണ് പഠനം. സ്ട്രോക്ക് ബാധിച്ച 162 പേർക്ക് അഞ്ചുമണിക്കൂറിൽ കുറവു മാത്രമേ ഉറക്കം ലഭിച്ചിരുന്നുള്ളൂ എന്നും മറ്റ് 151 പേർ ഒമ്പതു മണിക്കൂറിൽ അധികം ഉറക്കം ലഭിച്ചിരുന്നവരാണെന്നും ഗവേഷകർ കണ്ടെത്തി.അഞ്ചുമണിക്കൂറിൽ താഴെ ഉറക്കം ലഭിച്ചവരിൽ, ശരാശരി ഏഴുമണിക്കൂർ ഉറക്കം ലഭിച്ചവരെ അപേക്ഷിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും രാത്രി ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങുന്നതാണ് അഭികാമ്യമെന്നും ഗവേഷകർ പറഞ്ഞു.