ഫ്ലോറിഡ: സൈനസില്‍ കഫക്കെട്ട് അകറ്റാന്‍ മൂക്കിലൂടെ ചിലര്‍ വെള്ളം കയറ്റി വിടാറുണ്ടെന്നും ഇങ്ങനെ കയറ്റി വിടുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ തലച്ചോറില്‍ അണുബാധ വന്ന് മരണം സംഭവിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന ഈ അണുബാധ മൂലം കഴിഞ്ഞ മാസം അമേരിക്കയിലെ ഫ്ളോറിഡയില്‍ ഒരാള്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ അണുബാധയ്ക്ക് കാരണമായത്. മലിനമായ വെള്ളം മൂക്കിലൂടെ തലച്ചോറില്‍ എത്തിയതാണ് അണുബാധയ്ക്കും തുടര്‍ന്നുണ്ടായ മരണത്തിനും കാരണമായതെന്ന് ഫ്ളോറിഡ ആരോഗ്യ വകുപ്പ് പറയുന്നു. പൈപ്പ് വെള്ളം കുടിക്കുന്നതു വഴി ഈ അണുബാധ ഉണ്ടാകുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു നിലവില്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമല്ല. നെഗ്ളേറിയ ഫൗലെരി കുളങ്ങളുടെയും നദികളുടെയും മറ്റും അടിത്തട്ടില്‍ കാണപ്പെടുന്നു. വെള്ളത്തില്‍ നീന്തിയ ശേഷം തലവേദന, പനി, മനംമറിച്ചില്‍, ഛര്‍ദി, കഴുത്തുവേദന, ബാലന്‍സ് ഇല്ലായ്മ, പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്.