കൊച്ചി: ഡോ. പി. രവീന്ദ്രനാഥിന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് ഇന്‍സ്റ്റിറ്റിയൂട്സിന്റെ അക്കാദമിക് ഫെലോഷിപ്പ്. മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് രംഗത്ത് ഡോ. പി രവീന്ദ്രനാഥ് നല്‍കിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകള്‍ പരിഗണിച്ചാണ് ഫെലോഷിപ്പ്. നിലവില്‍ റോ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി സേവനം അനുഷ്ടിക്കുന്ന ഡോ. പി. രവീന്ദ്രനാഥ്, അമൃതാ വിശ്വ വിദ്യാപീഠത്തില്‍ അഡ്ജങ്ന്റ് പ്രൊഫസറായും സേവനമനുഷ്ടിക്കുന്നു.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് വികസനത്തിന് പ്രായോഗിക സംഭാവനകള്‍ക്കൊപ്പം ഒരു അക്കാദമിക് കരിയറിനെ സംയോജിപ്പിക്കുന്നതില്‍ ഡോ. രവീന്ദ്രനാഥ് വിജയിച്ചു. മാനേജുമെന്റ് കണ്‍സള്‍ട്ടിംഗ് എന്നത് അതിരുകളില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ദേശീയ തലത്തില്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിക്ക് വേണ്ടിയുള്ള പ്രൊഫഷണല്‍ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടവും ഐ.എം.സി ഇന്ത്യ മേല്‍നോട്ടം വഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തിഗത കണ്‍സള്‍ട്ടന്റുമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം ഒരു സര്‍ട്ടിഫൈഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് (സി.എം.സി.) ആയി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ആഗോള തൊഴില്‍ നിലവാരത്തിലുള്ള പരിശീലനവും മൂല്യനിര്‍ണ്ണയവും സാധ്യമാക്കുന്നു. ആഗോള തലത്തില്‍, ലോകമെമ്പാടുമുള്ള മാനേജുമെന്റ് കണ്‍സള്‍ട്ടന്റുമാരുടെ നിലവാരം ഉയര്‍ത്തുക എന്നതാണ് ഐ.സി.എം.സി.ഐയുടെ ലക്ഷ്യം.
ഐ.എം.സി ഇന്ത്യയും ഐ.സി.എം.സി.ഐയും സംയുക്തമായാണ് ഡോ. പി. രവീന്ദ്രനാഥിനെ ഒരു ഐ.സി.എം.സി.ഐ അക്കാദമിക് ഫെലോ ആയി തിരഞ്ഞെടുത്തത്. ഇതുവഴി, അക്കാദമിയയും മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് പരിശീലനവും തമ്മില്‍ കൂടുതല്‍ ശക്തവും ഉല്‍പ്പാദനപരവുമായ ബന്ധം സൃഷ്ടിക്കുന്നതില്‍ ഡോ. രവീന്ദ്രനാഥ് സജീവമായി ഇടപെടുകയും, അറിവും ആശയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ഒരു വേദിയായി ഐ.സി.എം.സി.ഐയെ ഉപയോഗിക്കുകയും ചെയ്യും.