റീബില്‍ഡ് കേരളയുടെ ഭാഗമായ റിസൈലന്റ് കേരള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റേയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റേയും 250 മില്യണ്‍ യു. എസ് ഡോളര്‍ സഹായം ലഭിക്കും. ഇതുസംബന്ധിച്ച് ലോകബാങ്ക്, എ. ഐ. ഐ. ബി, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ ഉടന്‍ കരാറിലേര്‍പ്പെടും. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം, പകര്‍ച്ചവ്യാധി മഹാമാരി എന്നിവയെ ചെറുക്കാനുള്ള കേരളത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനാണ് സഹായം.
ലോകബാങ്ക് നേരത്തെ 1779 കോടി രൂപയുടെയും ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്ക് 100 മില്യണ്‍ യൂറോയുടെയും സഹായം ലഭ്യമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച പ്രൊപ്പോസല്‍ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചിരുന്നു. ലോകബാങ്കുമായി നേരത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നു. എ. ഐ. ഐ. ബിയുമായി അടുത്ത ആഴ്ച ചര്‍ച്ച നടക്കും. ഇതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ആദ്യം ബാങ്കുകളുമായി കരാര്‍ ഒപ്പുവയ്ക്കും. തുടര്‍ന്നാണ് സംസ്ഥാനം കരാറിലേര്‍പ്പെടുക. കേരളത്തിന്റെ ആസ്തി മെച്ചപ്പെടുത്തി അപകടങ്ങളെ അതിജീവിക്കാനും പ്രളയത്തെ ചെറുക്കാനും ഹരിത കേരള പുനര്‍നിര്‍മാണത്തിനും പദ്ധതി ഉപകരിക്കും.