കോവിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ നിർത്തിവച്ചിരുന്ന പ്രതിരോധകുത്തിവയ്പ്പുകൾ സംസ്ഥാനത്ത് പുനരാരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികൾക്കും അമ്മമാർക്കും ആരോഗ്യ പ്രവർത്തകർക്കും രോഗപ്പകർച്ച ഉണ്ടാകാത്ത വിധം മുൻകരുതലുകൾ എടുത്തു വേണം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നത്തേണ്ടത്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ കൂടുതൽ കുട്ടികൾ ഉള്ള സ്ഥലങ്ങളിൽ അധിക ദിവസവും സമയവും ഇതിനായി നീക്കി വയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കുത്തിവയ്പ്പ് നൽകുന്ന സ്ഥലങ്ങളിൽ ഒരേ സമയം അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. ഒരു മീറ്റർ അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഇമ്മ്യൂണൈസേഷൻ നൽകുന്ന സ്ഥലം ഒപിയിൽ നിന്നും നിർബന്ധമായും അകലെ ആയിരിക്കണം. കുട്ടിയെ കൊണ്ടുവരുന്ന അമ്മയും ആരോഗ്യ പ്രവർത്തകരും മാസ്ക് ധരിച്ചിരിക്കണം. കുത്തിവെപ്പ് നൽകുന്ന ആരോഗ്യ പ്രവർത്തകർ ത്രീ ലയർ മാസ്കും ഗ്ലൗസും നിർബന്ധമായും ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.