ഒരു സീറ്റിൽ ഒരു യാത്രക്കാരനെന്ന നിലിയിൽ സർവീസ് നടത്താൻ സാധിക്കില്ല – ബസ്സുടമകൾ

ഒരു സീറ്റിൽ ഒരു യാത്രക്കാരനെന്ന നിലയിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കി  ബസ്സുടമകൾ സംസ്ഥാന വ്യാപകമായി ആർടിഒമാർക്ക് സ്റ്റോപ്പേജിന് അപേക്ഷ നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ സർവീസ് നടത്തിയാലും ലാഭകരമാവില്ല എന്ന് കാണിച്ച് ബസ്സുടമകൾ  വ്യക്തിപരമായാണ് ജി ഫോമുകൾ നൽകിയത്. ഇൻഷുറൻസ്, ക്ഷേമനിധി, നികുതി എന്നിവ അടയ്ക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഈ നീക്കം. ഒരു വർഷത്തോളം ബസ് സർവീസ് നടത്താൻ കഴിയില്ലെന്നാണ് സ്വകാര്യബസ് ഉടമകൾ വ്യക്തമാക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സീറ്റിൽ ഒരു യാത്രക്കാരൻ എന്ന നിർദ്ദേശം സർക്കാർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സാധാരണ സമയങ്ങളിൽ പോലും പല സർവീസുകളും നഷ്ടത്തിൽ ഓടുമ്പോൾ ഈ നിലയിൽ സർവീസ് നടത്താൻ സാധിക്കില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്.

അതേസമയം ബസ് ഉടമകളുടെ പേരിലുള്ള വായ്പകൾക്ക് മൊറോട്ടോറിയം, ഡീസലിന് സബ്സിഡി, നികുതി അടക്കാൻ സാവകാശം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ്  ഉടമകൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുള്ളത്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ജി ഫോം പിന്‍വലിച്ച് ബസുകള്‍ നിരത്തിലിറക്കുന്ന കാര്യം ആലോചിക്കും. അതല്ലെങ്കില്‍ നികുതി, ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്ന് ഒഴിവാക്കുകയും തൊഴിലാളി ക്ഷേമനിധി സര്‍ക്കാര്‍ അടക്കുകയും ചെയ്താൽ സർവീസ് നടത്താമെന്നാണ് ബസ് ഉടമകളുടെ നിലപാട്.