ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്ക്

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ വാർത്ത വിതരണ പ്രേക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങൾ ലംഘിച്ചു എന്ന വിലയിരുത്തലിലാണ് മീഡിയ വണ്ണിനും ഏഷ്യാനെറ്റിനും 48 മണിക്കൂർ സംപ്രേക്ഷണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ (മാർച്ച് 6) രാത്രി 7.30 മുതൽ നാളെ (മാർച്ച് 8) രാത്രി 7.30 വരെയാണ് സംപ്രേക്ഷണ വിലക്കിന് ഉത്തരവിട്ടിരിക്കുന്നത്. ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി വാർത്ത ചെയ്‌തെന്നും ഒരു വിഭാഗത്തെ പക്ഷം പിടിച്ചുമെന്നാണ് 2 ചാനലുകളുടെയും റിപ്പോർട്ടിങ്ങിനെക്കുറിച്ച് പ്രേക്ഷേപണ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ആർഎസ്‌എസിനെയും ഡൽഹി പോലീസിനെയും വിമർശിച്ചത് മീഡിയ വണ്ണിന്റെ കുറ്റമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഫെബ്രുവരി 28 ന് 2 ചാനലുകൾക്കും മന്ത്രാലയം നോട്ടീസ് നൽകിയതിൽ മറുപടി ലഭിച്ചതിനെത്തുടർന്നാണ് നടപടി.