ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണം തടയാൻ ലോകാരോഗ്യ സംഘടന ഏപ്രിൽ 7ന് കാമ്പയ്ൻ ആരംഭിക്കുന്നു

ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണം തടയാൻ ലോകാരോഗ്യ സംഘടന ഏപ്രിൽ 7ന് കാമ്പയ്ൻ ആരംഭിക്കുന്നു. ഇത്തവണത്തെ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘മാതൃ നവജാത ശിശു ആരോഗ്യം’ എന്ന വിഷയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്‌നാണ് ആരംഭിക്കുന്നത്. ‘ആരോഗ്യകരമായ തുടക്കം, പ്രതീക്ഷയുള്ള ഭാവി’ എന്ന് പേരിട്ടിരിക്കുന്ന കാമ്പെയ്‌ൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണം തടയുക എന്നതാണ്. ആരോഗ്യകരമായ ഗർഭധാരണങ്ങളും ജനനങ്ങളും മികച്ച പ്രസവാനന്തര ആരോഗ്യവും തുടങ്ങിയവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഡബ്ല്യു.എച്ച്.ഒ പങ്കിടും. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിലെ ഡാറ്റ പ്രകാരം അടുത്തിടെ പ്രസിദ്ധീകരിച്ച കണക്കുകളിൽ, ലോകമെമ്പാടും ഓരോ വർഷവും ഏകദേശം 3,00,000 സ്ത്രീകൾ ഗർഭധാരണമോ പ്രസവമോ മൂലം മരിക്കുന്നത്. ജനിച്ച് ആദ്യ മാസത്തിൽ തന്നെ 2 ദശലക്ഷത്തിലധികം കുഞ്ഞുങ്ങളും മരിക്കുന്നതായാണ് കണക്കുകൾ. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗോള ആരോഗ്യ സഹായം സ്വീകരിക്കുന്ന വിദേശ സംഘടനകൾ, നിയമപരമായ ഗർഭഛിദ്രങ്ങൾ നൽകുന്നത് വിലക്കുകയും ഗർഭഛിദ്രത്തെക്കുറിച്ചുള്ള നിയമപരമായ പരിഷ്കാരങ്ങൾക്കായുള്ള വാദത്തെ തടയുകയും ചെയ്യുന്ന ഒരു നിർണായക വേളയിലാണ് ഈ കാമ്പെയ്ൻ ആരംഭിക്കുന്നത്. ജനനത്തിന് മുമ്പും പ്രസവ സമയത്തും അതിനുശേഷവും ശാരീരികമായും വൈകാരികമായും പിന്തുണക്കുന്ന ഉയർന്ന നിലവാരമുള്ള പരിചരണം സ്ത്രീകൾക്കും കുടുംബങ്ങൾക്കും ആവശ്യമാണെന്ന് ഡബ്ല്യു.എച്ച്.ഒ വെബ്‌സൈറ്റ് വ്യക്തമാക്കി.