കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് വജ്രജൂബിലിയിലേക്ക് കടന്നു. ഫാക്ടറി ഡേയുടെയും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി പ്രവര്‍ത്തന പദ്ധതികളുടെയും ഉദ്ഘാടനം എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി നിര്‍വഹിച്ചു. ഒരു പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ 60 വര്‍ഷത്തിലേക്കെത്തുന്നു എന്നത് ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ഡോ. അനിത തമ്പി വ്യക്തമാക്കി. വജ്രജൂബിലി വര്‍ഷത്തിന്റെ ഭാഗമായി അടുത്ത 5വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘വിഷന്‍-2030’ പദ്ധതി എച്ച്എല്‍എല്ലിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണ്. മാനസികാരോഗ്യം, മാലിന്യസംസ്‌ക്കരണം, പോഷകാഹാരം, വെറ്ററിനറി എന്നീ ആരോഗ്യരംഗത്തെ സമസ്ത മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. വജ്രജൂബിലിയുടെ ഭാഗമായി ആരോഗ്യമേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം സിമ്പോസിയങ്ങളും ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പൊതുജനാരോഗ്യ സംരക്ഷണ പരിപാടികളും നടപ്പിലാക്കുന്നതാണ്. ഗര്‍ഭനിരോധന ഉറകളുടെ നിര്‍മ്മാണത്തിലാരംഭിച്ച എച്ച്എല്‍എല്‍ എഴുപതോളം ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്. കൂടാതെ, അടിസ്ഥാന വികസനം, രോഗ നിര്‍ണയം, പ്രൊക്യൂര്‍മെന്റ് കണ്‍സള്‍ട്ടന്‍സി, ആശുപത്രി നിര്‍മ്മാണം, മരുന്നുകള്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്, എന്നീ ആരോഗ്യ രംഗത്തെ എല്ലാ മേഖലകളിലേക്കും എച്ച്എല്‍എല്‍ വളര്‍ച്ച നേടുകയാണ്.