4 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്

4 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആന്ധ്രപ്രദേശിലെ പള്‍നാഡു ജില്ലയില്‍ രണ്ടു വയസ്സുകാരിയാണ് മരിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് H5N1 വൈറസ് ബാധിക്കുകയായിരുന്നു. മാതാപിക്കളാണ് കുട്ടിക്ക് വേവിക്കാത്ത ഇറച്ചി നല്‍കിയതെന്നാണ് വിവരം. 2003-ല്‍ രാജ്യത്താകമാനം പക്ഷിപ്പനി ബാധയുണ്ടായതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയ ശേഷം ഇന്ത്യയിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. പക്ഷിപ്പനി ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 16 ന് മംഗളഗിരിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ഫെബ്രുവരി 27-നാണ് പെണ്‍കുട്ടി പച്ച ഇറച്ചി കഴിച്ചത്. പാചകം ചെയ്യുന്നതിനിടെ കുട്ടി ആവശ്യപ്പെട്ടപ്പോള്‍ അമ്മ വായില്‍വെച്ച് കൊടുത്തു. കുട്ടി ഇത് ചവച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി. രണ്ടു ദിവസത്തിന് ശേഷം കുട്ടിക്ക് കടുത്ത പനിയും അതിസാരവും പിടിപ്പെട്ടു. മാര്‍ച്ച് നാലിന് കുട്ടിയെ എയിംസില്‍ അഡ്മിറ്റ് ചെയ്തു. മാര്‍ച്ച് ഏഴിന് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശ പ്രകാരം മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും സാമ്പിളുകളെടുത്ത് പരിശോധനയ്ക്കയച്ചു. എച്ച് 5 എന്‍ 1 വൈറസ്ബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഐസിഎംആര്‍ സ്ഥിരീകരിച്ചു.