ദുബായില്‍ ഗര്‍ഭാശയ അര്‍ബുദം ഇല്ലാതാക്കാന്‍ പ്രതിരോധ വാക്‌സിന്‍ യജ്ഞം ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്

ദുബായില്‍ ഗര്‍ഭാശയ അര്‍ബുദം ഇല്ലാതാക്കാന്‍ പ്രതിരോധ വാക്‌സിന്‍ യജ്ഞം ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭാശയ അര്‍ബുദം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് 13 മുതല്‍ 14 വയസ്സു വരെയുള്ള പെണ്‍കുട്ടികളില്‍ 90 ശതമാനത്തിനും 2030ഓടെ പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ദേശീയ തല യജ്ഞം പ്രഖ്യാപിച്ച് ആരോഗ്യ പ്രതിരോധ മന്ത്രാലയം. ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരായ വാക്‌സിനാണ് വിതരണം ചെയ്യുക. ആണ്‍കുട്ടികള്‍ക്കുള്ള എച്ച്.പി.വി പ്രതിരോധ വാക്‌സിനേഷനും 25 വയസ്സ് മുതല്‍ സ്ത്രീകള്‍ക്ക് പതിവ് ഗര്‍ഭാശയ അര്‍ബുദ പരിശോധനയും ദേശീയതല വാക്‌സിനേഷന്‍ നയത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. വിശാലമായ പൊതുജനാരോഗ്യ സംരംഭത്തിന്റെ ഭാഗമായുള്ള ഈ സമഗ്രപദ്ധതി പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍, ലോകോത്തര ചികിത്സ തുടങ്ങിയവയിലൂടെ എച്ച്.പി.വിയുമായി ബന്ധപ്പെട്ട രോഗങ്ങളെ ചെറുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യു.എ.ഇയിലെ സ്ത്രീകള്‍ക്കിടയില്‍ സാധാരണയായി കണ്ടുവരുന്ന ഗര്‍ഭാശയ അര്‍ബുദത്തിന്റെ പ്രധാന കാരണം എച്ച്.പി.വി വൈറസുകളാണെന്ന് നാഷനല്‍ കാന്‍സര്‍ രജിസ്ട്രിയുടെ സ്ഥിതിവിവര കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത് നേരത്തേ കണ്ടെത്തുന്നതിനാല്‍ ദേശീയതലത്തില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആഗോള ശരാശരിയേക്കാള്‍ വളരെ താഴെയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.