രാജ്യത്ത് പിത്താശയ കാൻസർ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് അസം. ആർസെനിക് കലർന്ന വെള്ളമാണ് ഈ രോഗത്തിന് കാരണമാകുന്നതെന്ന് നേരത്തെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊളസ്ട്രോളും ഹെവി മെറ്റൽസും അടങ്ങിയ പിത്താശയക്കല്ലുകളാണ് ഈ കാൻസറിന് കാരണമാകുന്നത് എന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. തേസ്പൂർ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കെമിക്കൽ റിസർച്ച് ഇൻ ടോക്സിക്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസമിലെ രോഗികളിൽ നിന്നെടുത്ത 40 പിത്താശയക്കല്ലുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ, 30 പേർക്ക് പിത്താശയക്കല്ലും മറ്റ് 10 പേർക്ക് കല്ലിനു പുറമെ പിത്താശയ കാൻസറും ബാധിച്ചിരുന്നു. കാൻസർ രോഗികളിലെ പിത്താശയക്കലുകളിൽ മിക്കതും കൊളസ്ട്രോളിനാലുണ്ടായതായാണ് പഠനത്തിൽ നിന്ന് കണ്ടെത്തിയത്. പിത്താശയക്കല്ല് മാത്രമുള്ളവരെ അപേക്ഷിച്ച് കാൻസർ രോഗികളിലാണ് ഈ ഘടന സാധാരണയായി കണ്ടത്. കാൻസർ രോഗികളിൽ നിന്നുള്ള പിത്താശയക്കല്ലുകളിൽ മറ്റ് മൂലകങ്ങളും കണ്ടെത്തിയിരുന്നു. ആർസെനിക്, ക്രോമിയം, മെർക്കുറി, അയൺ, ലെഡ് എന്നിങ്ങന്നെ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കാൻസറിന് കാരണമാവുകയും ചെയ്യുന്ന രാസവസ്തുക്കളാണ് ഇതിൽ നിന്ന് കണ്ടെത്തിയത്. പിത്താശയക്കല്ല് കാൻസർ ബാധിച്ച രോഗികളുടെ കല്ലുകളിൽ ഉയർന്ന് അളവിലാണ് ഇവ കണ്ടെത്തിയത്.