സ്വകാര്യ ആശുപത്രികളുടെ മരുന്നുവിൽപനയുമായി ബന്ധപ്പെട്ട് നയം വേണമെന്ന് സുപ്രീം കോടതി. സ്വകാര്യആശുപത്രികളുടെ ഫാർമസികളിൽനിന്നും അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിന്നും മാത്രമേ മരുന്നു വാങ്ങാവൂ എന്ന് രോഗികളെ നിർബന്ധിക്കുന്ന വിഷയത്തിൽ നയരൂപീകരണം നടത്തുന്നതു പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഇങ്ങനെ മരുന്നു വാങ്ങുമ്പോൾ നിശ്ചിത വിപണിവിലയെക്കാൾ ഉയർന്ന നിരക്കു നൽകേണ്ടിവരുന്നു. ഈ വിഷയത്തിലെ പൊതുതാൽപര്യഹർജി ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ചാണു പരിഗണിച്ചത്. ചികിത്സാരംഗത്ത് വേണ്ടത്ര സൗകര്യം ഉണ്ടാക്കാൻ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതുകൊണ്ടാണു സ്വകാര്യ ആശുപത്രികൾ രൂപപ്പെട്ടത്എന്നും കോടതി വ്യക്തമാക്കി. ആശുപത്രി ഫാർമസികളിൽ മരുന്നിന് എംആർപിയെക്കാൾ വിലയാണെന്നും ഇതു നിയന്ത്രിക്കുന്നതിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടി സിദ്ധാർഥ് ഡാൽമിയ ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയത്.