ആരോഗ്യ ഭീഷണിയുയർത്തി തമിഴ്‌നാട്ടിൽ ബാക്ടീരിയ അണുബാധയായ സ്‌ക്രബ് ടൈഫസ് വ്യാപിക്കുന്നതായി റിപ്പോർട്ട്

ആരോഗ്യ ഭീഷണിയുയർത്തി തമിഴ്‌നാട്ടിൽ ബാക്ടീരിയ അണുബാധയായ സ്‌ക്രബ് ടൈഫസ് വ്യാപിക്കുന്നതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ ഗ്രാമീണ ജനസംഖ്യയുടെ 10 ശതമാനം പേരെയും വർഷം തോറും ഇത് ബാധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഏഷ്യയിലെ ഗ്രാമപ്രദേശങ്ങളിലെ പുല്ലിലും ചെടികളുടെ അവശിഷ്ടങ്ങളിലും മണ്ണിലും കാണപ്പെടുന്ന ‘ചിഗ്ഗേഴ്സ്’ എന്നറിയപ്പെടുന്ന രോഗബാധിതരായ ലാർവ മൈറ്റുകളുടെ കടിയേറ്റ് മനുഷ്യരിലേക്ക് പടരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് സ്‌ക്രബ് ടൈഫസ്. ഇത് ജീവനുതന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതാണ്. തമിഴ്നാട്ടിലെ 37 ഗ്രാമങ്ങളിലായി 2 വർഷത്തിനിടെ 32,000 പേരെ നിരീക്ഷിച്ച വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ തുടങ്ങിയയിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധമായ വിവരങ്ങൾ പുറത്തുവിട്ടത്. പനി, തലവേദന, ശരീരവേദന, ചുവന്ന തടിപ്പുകൾ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഡോക്‌സിസൈക്ലിൻ, അസിത്രോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ളതാണ് സാധാരണ ചികിത്സ. എന്നാൽ ചികിത്സ തേടിയില്ലെങ്കിൽ ശ്വസന തകരാറുകൾ, തലച്ചോറിൽ പഴുപ്പ്, വൃക്ക തകരാറ് തുടങ്ങിയവയിലേക്ക് നയിച്ച് രോഗം ഗുരുതരമാവുന്നതാണ്.