സ്വയം മുറിവുണക്കാന്‍ മനുഷ്യചര്‍മത്തിനുള്ള ശേഷിയ്ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന ഹൈഡ്രോജെല്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപ്പോർട്ട്. 4 മണിക്കൂറിനുള്ളില്‍ മുറിവിന്റെ 90 ശതമാനത്തോളവും 24 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും സുഖപ്പെടുത്താന്‍ ഈ നൂതനപദാര്‍ഥത്തിന് കഴിയും. പരിക്കുകളുടെ പരിചരണം, റീജനറേറ്റീവ് മെഡിസിന്‍, കൃത്രിമചര്‍മ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഈ ഹൈഡ്രോജെല്‍ സഹായകമാകും എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഫിന്‍ലന്‍ഡിലെ ആള്‍ട്ടോ യൂണിവേഴ്‌സിറ്റിയിലേയും യൂണിവേഴ്‌സിറ്റി ഓഫ് ബയ്‌റുത്തിലേയും ഗവേഷകരടങ്ങുന്ന സംയുക്തസംഘമാണ് ഹൈഡ്രോജെല്‍ വികസിപ്പിച്ചത്. നേച്ചര്‍ മെറ്റീരിയല്‍സ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല ജൈവികകലകളും ബലവും ഉറപ്പുമുള്ളവയാണ്. എങ്കിലും അവയ്ക്കുണ്ടാകുന്ന കേടുപാടുകളെ സ്വയം സുഖപ്പെടുത്താനാകും. ഉറപ്പും ബലവും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേടുപാടുകളെ സ്വയം സുഖപ്പെടുത്താന്‍ ചര്‍മകലകള്‍ക്ക് സഹായകമാകുന്ന ചലനാത്മകശൃംഖല സിന്തറ്റിക് ഹൈഡ്രോജെല്ലുകളില്‍ ഇല്ല എന്നും ഗവേഷകസംഘം വ്യക്തമാക്കി. ആ ഗുണവിശേഷം കൂടി ഉള്‍പ്പെടുന്നതാണ് പുതിയ ഹൈഡ്രോജെല്ലെന്ന് പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.