വായിലെ ശുചിത്വക്കുറവ് ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനും സാധ്യത വര്‍ധിപ്പിക്കും എന്ന് ഗവേഷണങ്ങള്‍

വായിലെ ശുചിത്വക്കുറവ് ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനും സാധ്യത വര്‍ധിപ്പിക്കും എന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് ബ്രഷ് ചെയ്യുന്നത് ദന്തസംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാൽ രാത്രി ഒട്ടും ബ്രഷ് ചെയ്യാത്തവര്‍ സ്വന്തം ഹൃദയത്തിന്റെ ആരോഗ്യമാണ് പ്രശ്‌നത്തിലാക്കുന്നത്. പല്ലിന്റെ ആരോഗ്യത്തിന് ദിവസവും 2 നേരം ബ്രഷ് ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പല്ലിലെ കറ, കേടുപാടുകള്‍, വായ്‌നാറ്റം, സെന്‍സിറ്റിവിറ്റി എന്നീ പ്രശ്‌നങ്ങള്‍ ഇത് തടയുന്നതാണ്. ദന്തരോഗങ്ങള്‍ കുറയ്ക്കുന്നതിലപ്പുറം രാത്രി ബ്രഷ് ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്‍റെ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. വായില്‍ നിന്നുള്ള ബാക്ടീരിയകള്‍ രക്തത്തില്‍ പ്രവേശിച്ച്, കാലക്രമേണ ഹൃദയത്തെ ബാധിക്കുന്നതരം വീക്കം ഉണ്ടാക്കിയേക്കാം എന്നും ഹൃദയസംബന്ധമായ അസുഖ സാധ്യത കുറയ്ക്കുന്നതിന് രാത്രിയില്‍ പല്ല് തേയ്ക്കുന്നത് സഹായകമാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി.