സർക്കാർ ഫണ്ട് നിലച്ചതോടെ സംസ്ഥാനത്തെ വൃക്ക രോഗികൾ പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്

സർക്കാർ ഫണ്ട് നിലച്ചതോടെ സംസ്ഥാനത്തെ വൃക്ക രോഗികൾ പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്. കാരുണ്യ, കാസ്പ് എന്നീ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമായി സൗജന്യമായി ഡയാലിസിസ് നടത്തിയിരുന്ന പല രോഗികളും പണം നല്‍കി ചികില്‍സ തുടരേണ്ട സ്ഥിതിയിലാണ്. സംസ്ഥാനത്ത് 588 ആശുപത്രികളും ഡയാലിസിസ് സെന്‍ററുകളും സർക്കാർ പദ്ധതികളുമായി സഹകരിച്ച് വൃക്ക രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കി വന്നിരുന്നു. എന്നാല്‍ കൃത്യമായി പണം കിട്ടുന്നില്ലെന്ന പേരില്‍ പല പ്രധാന ആശുപത്രികളും നേരത്തെ തന്നെ ഈ പദ്ധതികളില്‍ നിന്ന് പിന്‍മാറി. കുടിശിക പെരുകിയതോടെ ബാക്കിയുളള ആശുപത്രികളും ഡയാലിസിസ് സെന്‍റററുകളും രോഗികളോട് പ്രതിസന്ധി തുറന്നു പറഞ്ഞ് തുടങ്ങി. ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസം നിശ്ചിത തുക സാമ്പത്തിക സഹായം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നേരത്തെ ഒരു ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവും രോഗികള്‍ക്ക് കാര്യമായ ഗുണം കിട്ടിയില്ല. ഡയാലിസിസ് രോഗികളുടെ സൗജന്യ ചികില്‍സ മുടങ്ങില്ലെന്നും കാരുണ്യ സ്കീമിന്‍റെ ഭാഗമായി 300 കോടി രൂപ അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നുമാണ് ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന ഉറപ്പ്.