50 വയസ്സ് കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി

50 വയസ്സ് കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി. വാടക ഗർഭധാരണ പ്രായപരിധി 51 വയസ്സ് തികയുന്നതിന്റെ തലേന്നുവരെയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 50 വയസ്സായി എന്നതിന്റെ പേരിൽ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു തുടങ്ങിയവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ സ്വദേശികളായ ദമ്പതികളാണു വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. വാടക ഗർഭധാരണത്തിനുള്ള യോഗ്യത സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്ത്രീകൾക്ക് 23 മുതൽ 50 വയസ്സാണ് സറോഗസി നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ ഹർജിക്കാരിക്ക് ഗർഭധാരണം സാധ്യമല്ലായിരുന്നു. തുടർന്ന് ഗർഭപാത്രം വാടകയ്ക്ക് നൽകാൻ തയാറായ യുവതിയുമായി സറോഗസി ബോർഡിന്റെ അനുമതി തേടുകയായിരുന്നു. സ്കൂൾ രേഖ പ്രകാരം 1974 ജൂൺ 21 ആണ്​ ഹരജിക്കാരിയുടെ ജനനമെന്നതിനാൽ പ്രായപരിധി കഴിഞ്ഞെന്ന് വിലയിരുത്തി ബോർഡ്​ അനുമതി​ നിഷേധിച്ചു. ജനനം 1978 ജൂൺ 21 ആയി രേഖപ്പെടുത്തിയിട്ടുള്ള ആധാർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ ബോർഡ് പരിഗണിച്ചില്ല. തുടർന്ന് ഹൈക്കോടതി സിംഗിൾബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടർന്നാണ് ഇവർ അപ്പീൽ നൽകിയത്. സ്കൂൾ രേഖയ്ക്ക് പകരം മറ്റ് ആധികാരിക രേഖകൾ പരിശോധിച്ച് അനുമതി നൽകണമെന്നതടക്കമുള്ള ആവശ്യമാണ് ദമ്പതികൾ ഉന്നയിച്ചത്. എന്നാൽ പ്രായം കണക്കാക്കാൻ സ്കൂൾ രേഖയെ പരിഗണിക്കാൻ സാധിക്കൂയെന്ന് ഡിവിഷൻ ബെഞ്ചും വിലയിരുത്തി. തുടർന്നാണു പ്രായപരിധി സ്ത്രീയുടെ കാര്യത്തിൽ 51 തികയുന്നതിന്റെ തലേന്നുവരെ ഉണ്ടെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഒരാഴ്ചയ്ക്കകം ഹർജിക്കാർക്ക് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാനും കോടതി നിർദ്ദേശിച്ചു.