എസ്എംഎ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധര്‍. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാനാവുന്ന ചികിത്സകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നയങ്ങളും ധനസഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ദ്ധരും മുന്‍നിര ന്യൂറോളജിസ്റ്റുകളും രംഗത്തെത്തി. രാജ്യാന്തര തലത്തില്‍ ന്യൂറോമസ്‌കുലര്‍ രോഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ആരംഭിച്ച ആദ്യ അന്താരാഷ്ട്ര സമ്മേളനമായ എപിഎന്‍ഡി 2025-ലാണ് ഈ ആവശ്യം വിദഗ്ദ്ധര്‍ ഉന്നയിച്ചത്. ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ പീഡിയാട്രിക് ന്യൂറോളജി ഉപവിഭാഗം സംഘടിപ്പിച്ച ഈ സമ്മേളനത്തില്‍ 100-ലധികം വിദഗ്ദ്ധരും ഗവേഷകരും പങ്കെടുത്തു. ന്യൂറോമസ്‌കുലര്‍ രോഗങ്ങളുടെ നവീന ചികിത്സാ രീതികളും പോളിസികളുമാണ് ചര്‍ച്ചചെയ്യുന്നത്. എസ്എംഎ രാജ്യത്ത് ഇപ്പോഴും ഏറ്റവും ഗുരുതരമായ ന്യൂറോമസ്‌കുലര്‍ രോഗങ്ങളിലൊന്നാണ്. എസ്എംഎ രോഗം ദൈര്‍ഘ്യമേറിയ നാഡീ-പേശി ക്ഷീണത്തെയും പ്രാഥമികമായി ചലനം നഷ്ടപ്പെടുന്നതിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു. ലോകത്ത് എസ്എംഎ ചികിത്സയില്‍ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ജീന്‍ തെറാപ്പികളും മറ്റു വിദഗ്ദ്ധ ചികിത്സാരീതികളും കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഈ ചികിത്സ ലഭ്യമാകാന്‍ ധനക്ഷാമവും ആരോഗ്യ സംവിധാനങ്ങളിലെ അകമഴിഞ്ഞ് നിലനില്‍ക്കുന്ന കുറവുകളും തടസ്സമാകുന്നുവെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി.