നമ്മുടെ കുട്ടികൾക്ക് ശാസ്ത്രീയമായ ലൈംഗികത വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ?

നമ്മുടെ കുട്ടികൾക്ക് ശാസ്ത്രീയമായ ലൈംഗികത വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ? ഇന്നും നമ്മളുടെ കുട്ടികൾക്ക് ശാസ്ത്രീയമായ ലൈംഗികത വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നത് തന്നെയാണ് വാസ്തവം, പക്ഷേ നമ്മൾ മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ആര് പറഞ്ഞ് കൊടുത്താലും ഇല്ലെങ്കിലും കുട്ടികള്‍ ഇതേപ്പറ്റി സംസാരിക്കുകയും തെറ്റായ ഒരുപാട് അറിവുകൾ സുഹൃത്ത് വലയത്തിൽ നിന്നും അവർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ശരിയായ അറിവുകൾ ഇത്രത്തോളം അനിവാര്യമാവുന്നത്. മറ്റു വിഷയങ്ങളുടെ അത്ര തന്നെയോ അതിലും കൂടുതലോ പ്രാധാന്യം ലൈംഗികതാ വിദ്യാഭ്യാസത്തിനുണ്ട്, മറ്റ് വിഷയങ്ങൾ അറിവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ വിഷയം നമ്മുടെ കുട്ടികളുടെ ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്. ലൈംഗികാതിക്രമങ്ങൾ, ലൈംഗികതയോടുള്ള മാറുന്ന സമീപനം, മാറിവരുന്ന ലൈംഗിക സ്വഭാവങ്ങള്‍ ഇങ്ങനെയുള്ള ഒരുപാട് സങ്കീര്‍ണമായ കാര്യങ്ങള്‍ മൂലം, ലൈംഗികതാ വിദ്യാഭ്യാസം ഒരു വിദഗ്ധന്റെ സഹായം ആവശ്യമുള്ള മേഖലയാണ്. പോരാത്തതിന് മാതാപിതാക്കള്‍ പലർക്കും ശാസ്ത്രീയമായ ലൈംഗികതാ വിദ്യാഭ്യാസം ലഭിച്ചിട്ടുമില്ല. അവർക്കറിയാവുന്ന വിവരങ്ങള്‍ മടികൂടാതെ കാര്യക്ഷമമായി കുട്ടികളുമായി പങ്കുവക്കാനും പലർക്കും ആകുന്നുമില്ല എന്നതാണ് സത്യം.