ഉയർന്ന ചൂട്ആളുകളുടെ പ്രായം കൂട്ടുമെന്ന് യു.എസ്‌സി ലിയോനാർഡ് ഡേവിസ് സ്‌കൂൾ ഓഫ് ജെറന്റോളജിയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ പറയുന്നു. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂടുള്ള കാലാവസ്ഥയിൽ മനുഷ്യരുടെ ജീവശാസ്ത്രപരമായ പ്രായത്തിന്റെ മാറ്റത്തെക്കുറിച്ച് പരാമർശിക്കുന്നു. ഇത് ഒരാളുടെ ജനനത്തീയതിയെ അടിസ്ഥാനമാക്കിയുള്ള കാലക്രമത്തിൽനിന്ന് വ്യത്യസ്തമായി ഉയർന്ന ചൂട് തൻമാത്ര സെല്ലുലാർ സിസ്റ്റം തലങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അളവുകോലാക്കിയാണ് പഠനം നടത്തിയത്. യു.എസിൽ 56 വയസോ അതിൽ കൂടുതലോ പ്രായമുള്ള 3,600 പേരിലാണ് ഗവേഷണം പൂർത്തിയാക്കിയത്. സാമൂഹികവും സാമ്പത്തികവും മറ്റ് ജനസംഖ്യാപരമായ വ്യത്യാസങ്ങളും ശാരീരിക പ്രവർത്തനങ്ങൾ, മദ്യപാനം, പുകവലി തുടങ്ങിയ ജീവിതശൈലി ഘടകങ്ങളും നിയന്ത്രിച്ചതിനു ശേഷം കൂടുതൽ തീവ്രമായ ചൂടുള്ള ദിവസങ്ങളും ജൈവിക പ്രായത്തിന്റെ വർധനവും തമ്മിലുള്ള പരസ്പരബന്ധവും ഇവർ പരിശോധിച്ചു. പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങളുടെ സാധ്യതയെ അടിസ്ഥാനമാക്കി ഹീറ്റ് ഇൻഡക്സ് മൂല്യങ്ങളെ മൂന്ന് തലങ്ങളായി തരംതിരിക്കുന്ന യു.എസ് നാഷനൽ വെതർ സർവിസ് ഹീറ്റ് ഇൻഡക്സ് ചാർട്ടിൽ നിന്നുള്ള ഹീറ്റ് ഇൻഡക്സ് മൂല്യങ്ങളും ഗവേഷകർ ഉപയോഗിച്ചു.