നാൽപത്തിമൂന്നു കാരനിൽ നിന്ന് 800 ഗ്രാം മൂത്രാശയ കല്ല് നീക്കി എറണാകുളം ജനറൽ ആശുപത്രി

നാൽപത്തിമൂന്നു കാരനിൽ നിന്ന് 800 ഗ്രാം മൂത്രാശയ കല്ല് നീക്കി എറണാകുളം ജനറൽ ആശുപത്രി. 8 വർഷം മുമ്പാണ് ഇയാൾക്ക് മൂത്രത്തിൽ കല്ലിന്റെ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തുന്നത്. തുടർന്ന് പല ആശുപത്രികളിലും ആയുർവേദമുൾപ്പെടെ ചികിത്സ നടത്തുകയും ചെയ്തു. എന്നാൽ പരാജയപ്പെട്ടതോടെ അവസാന ആശ്രയമെന്ന നിലയിലാണ് ഒരാഴ്ച മുമ്പ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്. പരിശോധനകളിൽ തന്നെ മൂത്രാശയത്തിൽ ഒന്നിലേറെ കല്ലുകളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. എന്നാൽ അതിന് ഇത്രയും വലിപ്പമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. യൂറോളജിസ്റ്റ് അനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നിലേറെ കല്ലുകൽ ഇയാളുടെ മൂത്രാശത്തിൽ നിന്ന് നീക്കം ചെയ്തു. അതിൽ ഒന്നിന്റെ മാത്രം ഭാരമാണ് 800 ഗ്രാം. സാധാരണ മൂത്രാശയ കല്ലുകൾ ഇത്രമേൽ വളരാറില്ലെന്നും അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെ ശസ്ത്രക്രിയ പൂർത്തിയാക്കിയ യുവാവിപ്പോൾ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിൽ ആരോഗ്യവാനായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഇയാൾക്ക് ആശുപത്രി നിന്ന് വീട്ടിലേക്ക് മടങ്ങാവുന്നതാണ്.