തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചതായി വീണാ ജോര്‍ജ്

ദക്ഷിണേന്ത്യയിലെ പ്രമുഖ നേത്രരോഗ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ (ആര്‍.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണാശുപത്രിയിലെ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഒരു കോടിയോളം രൂപ ചെലവഴിച്ചുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സ് സജ്ജമാക്കിയിരിക്കുന്നത്. നാല് ഓപ്പറേഷന്‍ തീയറ്ററുകളും ഇവിടെയുണ്ട്. സങ്കീര്‍ണമായ പല നേത്ര ശസ്ത്രക്രിയ, വിട്രിയോറെറ്റിനല്‍ ശസ്ത്രക്രിയ, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയവ ഉള്‍പ്പെടെ എല്ലാത്തരം നേത്ര ശസ്ത്രക്രിയകള്‍ക്കുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ആധുനിക ഓപ്പറേഷന്‍ ടേബിളുകള്‍, അനസ്‌തേഷ്യ സംവിധാനങ്ങള്‍, പ്രൊസീജിയര്‍ റൂം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് മത്രി ചൂണ്ടിക്കാട്ടി. കൂടാതെ ഡേ കെയര്‍ സര്‍ജറിയ്ക്ക് ആവശ്യമായ സംവിധാനങ്ങളും ലഭ്യമാണ്. ഡേ കെയര്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് വേണ്ടി രണ്ട് ഡേ കെയര്‍ സര്‍ജറി വാര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. ഒരുവര്‍ഷം ഏകദേശം 10,000 ഓളം ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നതെന്നും വീണ ജോർജ് വ്യക്തമാക്കി. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് സജ്ജമാക്കിയതിനാല്‍ കൂടുതല്‍ രോഗികള്‍ക്ക് ഒരേദിവസം ശസ്ത്രക്രിയകള്‍ നടത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.