തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്

തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ഡെൻമാർക്കിലെ ആഹസ് സർവകലാശാലയിലെ ഗവേഷകർ ‘തലവേദന കണ്ടെത്തിയവരിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതിനും പൂർത്തിയാക്കുന്നതിനുമുള്ള സാധ്യത’ എന്ന തലക്കെട്ടിൽ നടത്തിയ 25 വർഷത്തെ നീണ്ട പഠനം മെഡിക്കൽ ജേർണലായ ജാമ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ചു. തലവേദനയുള്ള 1,19,486 വ്യക്തികളിലും, 5,97,430 സാധാരണ വ്യക്തികളിലുമാണ് പഠനം നടത്തിയത്. മൈഗ്രെയ്ൻ, ടെൻഷൻ-ടൈപ്പ് തലവേദന, പോസ്റ്റ് ട്രോമാറ്റിക് തലവേദന, ട്രൈജമിനൽ ഓട്ടോണമിക് സെഫലാൽജിയ തുടങ്ങിയവയുള്ളവരിൽ ആത്മഹത്യാ സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ലോകജനസംഖ്യയിൽ ഏകദേശം 66.6% പേരും തലവേദന ബാധിതരാണ്. ഇത് മാനസിക രോഗങ്ങൾക്കും കാരണമാകുന്നു. തലവേദനയുള്ളവരിൽ ആത്മഹത്യാശ്രമം 0.78 ശതമാനമാണെന്നും മറ്റുള്ളവരിൽ 0.33 ശതമാനമാണെന്നും പഠനം കണ്ടെത്തി. അർബുദം, ഹൃദയ സംബന്ധമായ രോഗങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, തലയ്ക്ക് പരിക്കേറ്റത്, മൂഡ് സ്വിങ്സ്, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ മാനസികരോഗങ്ങൾക്കുള്ള സാധ്യതയും തലവേദനയുള്ള ആളുകളിൽ കൂടുതലായി കാണപ്പെട്ടു. പ്രായ ലിംഗ ഭേദമന്യേ തലവേദനയുള്ളവരിൽ ആത്മഹത്യാ ശ്രമങ്ങളും ആത്മഹത്യകളും ഉണ്ടാവുന്നതായി പഠനം ചൂണ്ടിക്കാട്ടി.