സംസ്ഥാനത്ത് പുകയില ഉപയോക്താക്കളെ കണ്ടെത്തി ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തവരുടെ എണ്ണം 10,69,485 ആയതായി റിപ്പോർട്ട്. സംസ്ഥാന സര്‍ക്കാരിന്റെ ‘അമൃതം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ നടത്തിയ ‘ശൈലി’ സര്‍വേയിലാണ് ഇത്രയുംപേരെ കണ്ടെത്തിയത്. ഓരോ പഞ്ചായത്ത് പരിധിയിലും പുകയില ഉപയോഗിക്കുന്നവരെ ആശാവര്‍ക്കര്‍മാര്‍ നേരിട്ട് കണ്ടെത്തുന്ന മുറയ്ക്കാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുക. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പേരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനായി. തുടര്‍ന്ന്, രണ്ടാംഘട്ടവും ആരഭിക്കുകയയായിരുന്നു. രണ്ടാംഘട്ടത്തില്‍ 23 ലക്ഷം പേര്‍ക്ക് കൗണ്‍സലിങ്ങും ചികിത്സയും നല്‍കാനാണ് ലക്ഷ്യം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ കൗണ്‍സലിങ് നല്‍ക്കും. രണ്ടാംഘട്ടത്തില്‍ പുകവലിക്കാന്‍ തോന്നുന്ന സമയങ്ങളില്‍ മരുന്നുനല്‍ക്കുകയുമാണ് ചെയുന്നത്. ഭാവിയില്‍ മരുന്ന് പൂര്‍ണമായും ഒഴിവാക്കി പുകയില ഉപയോഗം തടയാനാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ജില്ലകള്‍തോറുമുള്ള ജനകീയ ആരോഗ്യകേന്ദ്രങ്ങളിലാണ് ഇവർക്ക് ചികിത്സ നല്‍കുന്നത്. ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ തുടങ്ങിയയിടങ്ങളിലും ചികിത്സ ലഭിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ‘ദിശ’യുടെ (1056/ 0471 2552056) എന്ന നമ്പറുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ് തുടങ്ങിയവരുടെ സേവനവും ഉപയോഗിക്കാൻ സാധിക്കും.