കഴിഞ്ഞ വർഷം പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലെത്തിയ 108 ൽ 102 പേരെ രക്ഷപ്പെടുത്തി മികവോടെ കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജ്

കഴിഞ്ഞ വർഷം പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലെത്തിയ 108 ൽ 102 പേരെ രക്ഷപ്പെടുത്തി മികവോടെ കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജ്. മരിച്ച ആറുപേരെ മറ്റു പല സ്ഥലത്തും ചികിത്സയ്ക്കായി കൊണ്ടുപോയി ഗുരുതരാവസ്ഥയിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. അതിനാലാണ് അവരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെപോയതെന്നും ഡോക്ടർമാർ വ്യക്തമാക്കി. പാമ്പുകടിയേൽക്കുന്നവരെ മറ്റ് എവിടേക്കും കൊണ്ടുപോകാതെ വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടതെന്നു മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. പി. ജയേഷ് കുമാർ ചൂണ്ടിക്കാട്ടി. പോളിവാലന്റ് ആന്റിവെനമാണ് ഇവർക്കു നൽകുന്നത്. പാമ്പുകടിയേറ്റു വരുന്നവരുടെ രക്തം പരിശോധിച്ചും രോഗലക്ഷണങ്ങൾ നോക്കിയും കടിയേറ്റ പാമ്പിനെ തിരിച്ചറിയാൻ സാധിക്കും. കടിച്ചപാമ്പിനെ പിടിക്കാൻ ശ്രമിക്കരുത്. അത്‌ കൂടുതൽ അപകടമാകും. പറ്റുമെങ്കിൽ പാമ്പിന്റെ ഫോട്ടോ എടുക്കുന്നത് പാമ്പിനെ തിരിച്ചറിയുകയും അത്‌ ചികിത്സയ്ക്ക്‌ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.