സംസ്ഥാനത്ത് സ്തനാർബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം ആർ.സി.സി.യിൽ 32.6 ശതമാനവും തലശ്ശേരി എം.സി.സി.യിൽ 31 ശതമാനം സ്ത്രീകളും ചികിത്സതേടുന്നത് സ്തനാർബുദത്തിനാണ് എന്നും റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്തെ എല്ലാതരം കാൻസറിന്റെയും കണക്കെടുത്താൽ 16 ശതമാനത്തിലധികം സ്തനാർബുദമാണെന്നും, രോഗം രണ്ടും മൂന്നും സ്റ്റേജിലെത്തിയ ശേഷമാണ് ഭൂരിഭാഗം സ്തനാർബുദവും നിർണയിക്കപ്പെടുന്നത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരിന്റെ ജീവിതശൈലീരോഗനിർണയപദ്ധതിപ്രകാരം 7.93 ലക്ഷം സ്ത്രീകളോട് കഴിഞ്ഞ വർഷം സ്തനാർബുദ സാധ്യതയില്ലെന്ന് ഉറപ്പാക്കാൻ സ്ക്രീനിങ്ങിന് നിർദേശിച്ചിരുന്നു. പേടിയും നിസ്സംഗതയും കാരണം രണ്ടുശതമാനം സ്ത്രീകൾപോലും തുടർപരിശോധനയ്ക്ക് സന്നദ്ധരായില്ല. ഈ മനോഭാവം മാറണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.