ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ദിവസവും 20 മിനിറ്റ് നൃത്തം ചെയ്താൽ മതിയെന്നു പുതിയ പഠന റിപ്പോർട്ട്

ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ദിവസവും 20 മിനിറ്റ് നൃത്തം ചെയ്താൽ മതിയെന്നു പുതിയ പഠന റിപ്പോർട്ട്. 8 നും 83 നും ഇടയിൽ പ്രായമുള്ള 48 പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. എല്ലാവരും ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവർത്തന നിലവാരം കൈവരിച്ചുവെന്ന് പഠനത്തിൽ കണ്ടെത്താൻ സാധിച്ചു. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനം അനുസരിച്ച്, എല്ലാ ദിവസവും രാവിലെ വീട്ടിലെ അടുക്കളയിൽ പോലും 20 മിനിറ്റ് നൃത്തം ചെയ്യുന്നത് ആളുകളെ ഫിറ്റ്നസ് ആക്കാൻ സാധിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. ജിമ്മിൽ പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എളുപ്പത്തിൽ സ്വന്തം വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയുന്ന വ്യായാമമാണിത്. ഫിറ്റ്നസിന് എളുപ്പ വഴി തേടുന്നവർക്കു പ്രതീക്ഷ നൽകുന്നതാണ് യു.എസിൽ നിന്നുളള ഈ പഠന റിപ്പോർട്ട്. മിതമായ വ്യായാമം ലഭിക്കുന്നതിന് എത്ര സമയം വെറുതെ നൃത്തം ചെയ്യേണ്ടിവരുമെന്ന് പരീക്ഷിച്ചു. സംഗീതത്തോടുകൂടിയും അല്ലാതെയും 5 മിനിറ്റ് നീണ്ടുനിൽക്കുന്ന നൃത്തത്തിൽ പങ്കെടുക്കാൻ അവരോട് ആവശ്യപ്പെട്ടു. നൃത്ത സെഷനുകളിൽ വ്യായാമത്തിൻറെ തീവ്രത നിർണ്ണയിക്കാൻ ശാസ്ത്രജ്ഞർ പങ്കെടുക്കുന്നവരുടെ ഓക്സിജൻ ഉപഭോഗവും ഹൃദയമിടിപ്പും അളന്നു. നൃത്തം ചെയ്യുമ്പോൾ എല്ലാ പങ്കാളികളും കുറഞ്ഞത് മിതമായ ശാരീരിക പ്രവർത്തന നിലയിലെത്തിയതായി പഠനത്തിൽ കണ്ടെത്തി. മുതിർന്നവർ ആഴ്ചയിൽ നൂറ്റമ്പതു- മുതൽ മുന്നൂറു മിനിറ്റ് വരെ മിതമായും എഴുപത്തിയഞ്ചു മുതൽ നൂറ്റമ്പതു മിനിറ്റ് വരെ കഠിനമായും വ്യായാമാം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകി. പലരും ഇതിനെ ജോഗിങ്, ജിമ്മിൽ പോകൽ, നീന്തൽ അല്ലെങ്കിൽ മറ്റ് ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തുന്നു. എന്നാൽ നൃത്തം അത്രതന്നെ ഫലപ്രദമാണെന്ന് ഈ പുതിയ പഠനം വ്യക്തമാക്കി.