വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് രണ്ടുരൂപയിൽനിന്ന് അഞ്ചുരൂപയായും അഡ്മിഷൻ നിരക്കുകൾ 20 രൂപയിൽനിന്ന് 30 രൂപയായും വർധിപ്പിക്കുമെന്നു റിപ്പോർട്ട്. മന്ത്രി ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് തീരുമാനം. ആധുനിക മോർച്ചറിയുടെ നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. എം.എൽ.എ.യുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ആശുപത്രിയുടെ മുൻഭാഗത്തെ പാർക്കിങ് ഏരിയ പൊതുജനങ്ങൾക്ക് പേ പാർക്കിങ് സംവിധാനത്തോടെ തുറന്നുനൽകാനും യോഗം തീരുമാനിച്ചു. 2025-26 അക്കാദമിക് വർഷത്തിൽ 50 എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി. ആശുപത്രിയിലേക്കും ആശുപത്രിക്കകത്തുമുള്ള റോഡുകളുടെ നവീകരണപ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കും. രോഗികൾ-കൂട്ടിരിപ്പുകാർ-ജീവനക്കാർ എന്നിവരുടെ സുരക്ഷയ്ക്ക് ഊന്നൽനൽകി ചുറ്റുമതിൽ നിർമിക്കാനും സി.സി.ടി.വി., പബ്ലിക് അഡ്രസിങ് സിസ്റ്റം, ഇന്റർകോം സംവിധാനങ്ങൾ ഏർപ്പെടുത്താനും തീരുമാനാമായി.