സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. പുതുതായി 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മികച്ച സ്‌കോറോടെയാണ് സംസ്ഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 135 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയത്. ബാക്കിയുള്ള സ്ഥാപനങ്ങളെ കൂടി മിഷന്‍ അടിസ്ഥാനത്തില്‍ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.