പല കാരണങ്ങളാൽ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് ആശ്രയ കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം

പല കാരണങ്ങളാൽ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് ആശ്രയ കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവർക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകൾ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. ഹോർമോൺ ചികിത്സ, സർജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഐവിഎഫ്, ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇൻജക്ഷൻ തുടങ്ങി വൻകിട കോർപറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതൽ 50 ശതമാനം വരെ വിജയ ശതമാനം ഉയർത്താൻ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്. വന്ധ്യതാ ചികിത്സാ രംഗത്ത് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റീപ്രൊഡക്ടീവ് മെഡിസിനിൽ കോഴ്സ് നടത്തുന്നതിലൂടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാൻ സാധിക്കുന്നു. വിജയകരമായ മാതൃക തീർത്ത എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിനിലെ മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിൽ സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ആദ്യത്തെ ഐ.വി.എഫ്. സംരംഭമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം. കൗൺസിലിംഗ് ഉൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ. എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കൂടുതൽ ദമ്പതിമാർക്ക് ആശ്വാസമേകാൻ സാധിക്കും.