ചൈനയിൽ ഹ്യൂമൻമെറ്റാന്യൂമോവൈറസ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ആഴ്ചകളായി ചൈനയിൽ എച്ച്.എം.പി.വി. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ശനിയാഴ്ച സംയുക്തയോഗം വിളിച്ചുചേർത്തു. അതിനെ തുടർന്ന് പുറത്തുവിട്ട പ്രസ്താവനയിലാണ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയോട് സമയബന്ധിതമായി വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. ചൈനയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഥിതി അസാധാരണമായി കണക്കാക്കാനാവില്ല. നിലവിലെ രോഗികളുടെ നിരക്കിന് പിന്നിൽ ഇൻഫ്ലുവൻസ വൈറസ്, ആർ.എസ്.വി., എച്ച്.എം.പി.വി. തുടങ്ങിയവയാണ്. സീസണലായി കണ്ടുവരുന്ന സാധാരണ രോഗകാരികൾ തന്നെയാണ് ഇവയുടെ വർധനവിന് പിന്നിലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ഇതിനകം പ്രചാരത്തിലുള്ള വൈറസുകളാണ് ഇവയെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇൻഫ്ലുവൻസ രോഗങ്ങൾ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ ഐ.സി.എം.ആർ., ഐ.ഡി.എസ്.പി. എന്നിവയ്ക്ക് കീഴിൽ ഇതിനകം പരിശോധിക്കുന്നുണ്ട്. ഇവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മേൽപ്പറഞ്ഞ രോഗികളുടെ നിരക്കിൽ ക്രമാതീതമായ വർധനവ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.അഡിനോവൈറസ്, ആർ.എസ്.വി., എച്ച്.എം.പി.വി. എന്നിവയ്ക്കുള്ള പരിശോധനകളും ഐ.സി.എം.ആർ. നടത്തി വരുന്നുണ്ട്. എന്നാൽ ഇവയിലും നിലവിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി പരിശോധനകൾ കൂട്ടുന്നതിനായി ലബോറട്ടറികളിൽ കൂടുതൽ സൗകര്യമൊരുക്കുകയും വർഷംമുഴുവൻ എച്ച്.എം.പി.വി.യുടെ നിരക്ക് നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ ആരോഗ്യസംവിധാനം ഏതുസാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്നും നിരീക്ഷണം ശക്തമായി തുടരുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.