350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്‌ഥയില്‍ പിറന്ന നവജാതശിശുവിന് പുതുജീവനേകി ലൂര്‍ദ്‌ ആശുപത്രിയിലെ മെഡിക്കല്‍ സംഘം

350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്‌ഥയില്‍ പിറന്ന നവജാതശിശുവിന് പുതുജീവനേകി ലൂര്‍ദ്‌ ആശുപത്രിയിലെ മെഡിക്കല്‍ സംഘം. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെയും സൗത്ത്‌-ഈസ്‌റ്റ് ഏഷ്യയിലെയും തന്നെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവാണ്‌ നോവ. നവജാത ശിശുരോഗ വിദഗ്‌ധന്‍ ഡോ. റോജോ ജോയിയുടെ നേതൃത്വത്തില്‍ 100 ദിവത്തിലധികം നീണ്ട നൂതനവും അതിസങ്കീര്‍ണവുമായ ചികിത്സയിലൂടെയാണ്‌ കുഞ്ഞ്നോവയുടെ ജീവന്‍ സാധാരണനിലയില്‍ എത്തിച്ചത്‌. നവജാതശിശുക്കള്‍ക്ക്‌ അതിജീവനത്തിന്‌ കുറഞ്ഞത്‌ 24 ആഴ്‌ചയെങ്കിലും അമ്മയുടെ ഉദരത്തില്‍ തന്നെ വളര്‍ച്ച പ്രാപിക്കേണ്ടതുണ്ട്‌. എന്നാല്‍ നോവയുടെ കാര്യത്തില്‍ അതിജീവനത്തിന്‌ ആവശ്യമായ കുറഞ്ഞ വളര്‍ച്ച പോലും ലഭിച്ചില്ല. ഇരുപത്തിമൂന്നാമത്തെ ആഴ്‌ചയില്‍ ആയിരുന്നു കുഞ്ഞിൻ്റെജനനം. പൂര്‍ണ വളര്‍ച്ച എത്താതിരുന്നതിനാല്‍ കുഞ്ഞിന്റെ എല്ലാ അവയവങ്ങളുടെയും വളര്‍ച്ചയും തീരെ കുറവായിരുന്നു. ലേബര്‍ റൂമില്‍ വെച്ചു തന്നെ കുഞ്ഞിന്‌ കൃത്രിമ ശ്വാസം നല്‍കി. പിന്നീട്‌ ഒരു മാസത്തോളം എന്‍.ഐ.സി.യുവില്‍ വെന്റിലേറ്ററിലായിരുന്നു നോവ. അതിനു ശേഷം കുഞ്ഞിനെ അത്യാധുനിക നോണ്‍ ഇന്‍വേസീവ്‌ വെന്റിലേറ്റര്‍ സംവിധാനത്തിലേക്ക്‌ മാറ്റുകയായിരുന്നു. കുഞ്ഞിന്‌ പോയിന്റ്‌ ഓഫ്‌ കെയര്‍ എക്കോകാര്‍ഡിയോഗ്രാം, ന്യൂറോസോണോഗ്രാം എന്നിവ ചെയ്യുകയും, ഹൃദയമിടിപ്പ്‌ കുറവായതിനാല്‍ അത്‌ നിലനിര്‍ത്തുന്നതിന്‌ ആവശ്യമായ മരുന്നുകളും നല്‍കേണ്ടിവന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നിലവിൽ കുട്ടിക്ക്‌ 1.850 കിലോഗ്രാം ഭാരമുണ്ട്‌. അടുത്ത ദിവസം തന്നെ വീട്ടിലേക്ക്‌ പോകാന്‍ കഴിയുമെന്നും പത്രസമ്മേളനത്തില്‍ ആശുപത്രി അധികൃതർ വ്യക്തമാക്കി.