ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് പഠന റിപ്പോർട്ട്

ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് പഠന റിപ്പോർട്ട്. പശുക്കളുടെയും എരുമകളുടെയും മൂത്ര സാംപിളുകൾ പരിശോധിച്ചപ്പോൾ ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയതായി ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകി. ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടി രംഗത്തെത്തിയിരുന്നു. ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് കാമകോടി പറയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. എന്നാൽ ഈ സാഹചര്യത്തിൽ ആണ് ഐ.വി.ആർ.ഐ യുടെ മുന്നറിയിപ്പ്. ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവുണ്ട് എന്നാണ് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടിയുടെ അവകാശവാദം. കുടലിനുണ്ടാകുന്ന അസുഖങ്ങൾക്കും ഗോമൂത്രം ഗുണകരമാണെന്നും മുമ്പ് തന്റെ പിതാവിന് പനി വന്നപ്പോൾ ഗോമൂത്രം നൽകിയതോടെ15 മിനിറ്റിനകം അസുഖം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതേ തുടർന്ന് വൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.