ഇത്തവണത്ത പത്മ പുരസ്‌കാരത്തിന് അർഹരായവരിൽ ഡൽഹിയിൽനിന്നുള്ള പ്രമുഖ ഗൈനക്കോളജിസ്റ്റ് നീരജ ഭട്‌ലയും. സെർവിൽ കാൻസറുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഡോ. നീരജ ഭട്‌ലയെ രാജ്യം പത്മ നൽകി ആദരിച്ചത്. ഡൽഹി ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഗൈനക്കോളജി വിഭാഗം മേധാവിയായാണ് നീരജ ഭട്‌ല സർവീസിൽനിന്ന് വിരമിച്ചത്. ഇതിനുശേഷവും രാജ്യത്തെ സ്ത്രീകൾക്കിടയിൽ സെർവിക്കൽ കാൻസർ കണ്ടെത്താനും ഇത് പ്രതിരോധിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഡോ.നീരജ സജീവമായിരുന്നു. സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനങ്ങൾക്കും കാൻസർ സ്‌ക്രീനിങ്, ചിലവ് കുറഞ്ഞ എച്ച്.പി.വി. പരിശോധന, വാക്‌സിനുകൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കും ഇവർ നേതൃത്വം നൽകി. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി ആൻഡ് ഒബ്‌സ്‌റ്റെട്രിക്‌സ് ചെയർപേഴ്‌സണായിരിക്കെ ‘FIGO ഗൈനക്കോളജിക്ക് കാൻസർ മാനേജ്‌മെന്റ്’ ആപ്പ് വികസിപ്പിക്കുന്നതിലും നീരജ ഭട്‌ല പ്രധാനപങ്കുവഹിച്ചിരുന്നു.