ശസ്ത്രക്രിയക്കുശേഷമുള്ള അണുബാധനിരക്ക് ഇന്ത്യയിൽ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ പഠന റിപ്പോർട്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രികളായ ഡൽഹി ജയപ്രകാശ് നാരായൺ അപെക്‌സ് ട്രോമ സെന്റർ, മണിപ്പാൽ കസ്തൂർബ ആശുപത്രി, മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലെ 3020 രോഗികളെ പഠനവിധേയമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പഠനറിപ്പോർട്ട് പുറത്തുവരുന്നത്. പല ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലും അണുബാധനിരക്ക് 1.2 ശതമാനത്തിനും 5.2 ശതമാനത്തിനുമിടയിലാണ്. എന്നാൽ, ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ മൂന്ന് ആശുപത്രികളിലും അതിനെക്കാൾ ഉയർന്ന നിരക്കാണെന്ന് കണ്ടെത്തി. ആശുപത്രിവാസത്തിനിടയിലും അവിടെനിന്ന് വിടുതൽ വാങ്ങി പോയ ശേഷവും അണുബാധയ്ക്കുള്ള സാധ്യതകൾ കണ്ടെത്താനും പരിശോധിക്കാനും വിവിധതലങ്ങളിലുള്ള സംവിധാനം ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.