ബ്രെയിൻ ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ രോഗത്തിന് പുതിയ ചികിത്സാ രീതി

യുവാക്കളിൽ തലച്ചോറിലെ രക്തസ്രാവം ഉണ്ടാകുന്ന കാരണങ്ങളിൽ ഒന്നായ ബ്രെയിൻ ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ രോഗത്തിന് പുതിയ ചികിത്സാ രീതിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. രാജ്യത്ത് വളരെക്കുറച്ച് ആശുപത്രികളിൽമാത്രം വിജയിച്ച നൂതനചികിത്സാരീതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കി. ബ്രെയിൻ എ.വി.എം. മലപ്പുറം സ്വദേശിയായ 25 വയസ്സുകാരനാണ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിനു കീഴിൽ ട്രാൻസ് വീനസ് റൂട്ട് എമ്പോളൈസേഷൻ എന്ന ചികിത്സ നടത്തിയത്. സംസാരശേഷി നഷ്ടപ്പെട്ട് ഒരുവശം തളർന്നാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. രക്തക്കുഴലുകൾ ജന്മനാ കെട്ടുപിണഞ്ഞുകിടക്കുന്ന ഈ അവസ്ഥയ്ക്ക് തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയയാണ് ചികിത്സ. എന്നാൽ, ധമനികളിലൂടെ നടത്തുന്ന ചികിത്സയ്ക്കൊപ്പം ട്രാൻസ് വീനസ് റൂട്ട് ചികിത്സകൂടി വന്നതോടെ 95 ശതമാനം എ.വി.എം. രോഗാവസ്ഥകളും തലയോട്ടി തുറക്കാതെയുള്ള എമ്പോളൈസേഷൻ ചികിത്സയിലൂടെ സുഖപ്പെടുത്താനാകും. ചികിത്സ വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ മെഡിക്കൽ ടീമിനെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.