അപകടങ്ങളിൽപ്പെട്ടും പൊള്ളലേറ്റും ഷോക്കേറ്റുംമറ്റും ഇരുകൈകളും നഷ്ടമായ 15 പേരാണ് നിലവിൽ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ യിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. സ്നേഹം തുളുമ്പും ‘ഹസ്തദാനം’ കാത്തിരിക്കുന്നവരേറെയുണ്ടെങ്കിലും ദാതാക്കളില്ലാത്തത് പ്രതിസന്ധിയാകുന്നു. രാജ്യത്തുതന്നെ ഒന്നാംസ്ഥാനത്തുനിൽക്കുമ്പോഴും 10 വർഷത്തിനിടെ 15 ശസ്ത്രക്രിയ മാത്രമാണ് കേരളത്തിൽ പൂർത്തിയാകിട്ടുള്ളത്. 2015 ജനുവരിയിൽ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. നാലുപേർക്ക് കൈകൾ മാറ്റിവെച്ച 2022-ലാണ് ഏറ്റവുംകൂടുതൽ ശസ്ത്രക്രിയ നടന്നത്. 2023-ലും 2024-ലും ഓരോ ശസ്ത്രക്രിയ വീതം നടന്നിരുന്നു.കൈകൾ നഷ്ടപ്പെട്ട ഒട്ടേറെപ്പേർ ശസ്ത്രക്രിയയെക്കുറിച്ച് അന്വേഷിച്ച് വിളിക്കാറുണ്ടെങ്കിലും ദാതാക്കളില്ലാത്തതിനാൽ ആശ്വാസമറുപടി പറയാനാവുന്നില്ലെന്ന് ഡോ. സുബ്രഹ്മണ്യ അയ്യർ വ്യക്തമാക്കി.