അന്തരിച്ച ബാലതാരം നികിത നെയ്യാറിന്റെ ഇരു കണ്ണുകളും ദാനം ചെയ്തു. കഴിയുന്നത്ര അവയവങ്ങള്‍ ദാനം ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നികിതയ്ക്ക് കണ്ണുകള്‍ മാത്രമേ ദാനം ചെയ്യാന്‍ കഴിയുമായിരുന്നുളളൂ. നികിത കരള്‍രോഗത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരിച്ചത്. വില്‍സണ്‍സ് ഡിസീസ് എന്ന അപൂര്‍വ രോഗമാണ് താരത്തെ ബാധിച്ചത്. തുടര്‍ന്ന് രണ്ടുവട്ടം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായി. എട്ടാം വയസ്സില്‍ ആദ്യം നടത്തിയ ശസ്ത്രക്രിയയില്‍ അമ്മയുടെ കരളാണ് നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും അസുഖം പിടിമുറുക്കി. ഡോക്ടര്‍മാര്‍ വീണ്ടും കരള്‍ മാറ്റിവയ്ക്കല്‍ നിര്‍ദേശിച്ചു. ഒരാഴ്ച മുമ്പാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബാലതാരമായി നികിത അഭിനയിച്ചിട്ടുണ്ട്. ബി.എസ്സി. സൈക്കോളജി വിദ്യാര്‍ഥിനിയും സെയ്ന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്സണുമായിരുന്നു. താന്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരാളാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ നികിത പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി അധ്യാപികമാര്‍ പറഞ്ഞു.