സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സിനു ക്ഷാമം എന്ന് റിപ്പോർട്ട്. ആറുമാസമായി സംസ്ഥാനത്ത് വാക്സിൻ എത്തുന്നില്ല. കഴിഞ്ഞമാസം കുറഞ്ഞ അളവിൽ എത്തിയെങ്കിലും ദിവസങ്ങൾക്കകം തീർന്നു എന്നും മാധ്യമ റിപ്പോർട്ട് പറയുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നിലും വാക്സിനില്ല. ഇതോടെ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് ഒരുമാസം, ആറുമാസം, അഞ്ചുവർഷം എന്നിങ്ങനെയുള്ള സമയക്രമത്തിൽ തുടർഡോസുകളെടുക്കാൻ പ്രയാസമായുള്ളതായും റിപ്പോർട്ട് പറയുന്നു. കേന്ദ്രവാക്സിൻ പട്ടികയിലുള്ളതിനാൽ കുട്ടികൾക്കുള്ള വാക്സിൻമാത്രമാണ് സർക്കാർ ആശുപത്രികളിൽ നിലവിൽ ഉള്ളത്. രാജ്യത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്റെ ഉത്പാദനം കുറഞ്ഞതാണ് ദൗർലഭ്യത്തിന് കാരണമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട്, കോട്ടയം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിലാണ് മുതിർന്നവർക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ലഭ്യത കുറവ്.