സംസ്ഥാനത്ത് ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുറഞ്ഞത് 35 ശതമാനമാണ്. 2014ല്‍ ജനിച്ചത് 5.34 ലക്ഷം കുഞ്ഞുങ്ങള്‍ ആണ്. എന്നാല്‍ 2024ല്‍ 3.45 ലക്ഷം ജനനമേ സംഭവിച്ചിട്ടുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസവ നിരക്ക് കുറയുന്നുവെന്ന ആശങ്ക ഉയരുന്നതിനിടെയാണ് സംസ്ഥാനത്തും സമാന സാഹചര്യം. 2014ലെ ഉയര്‍ന്ന ജനനനിരക്ക് 2019ലെത്തിയപ്പോള്‍ 4.80 ലക്ഷമായി. തുടര്‍ന്ന് ഘട്ടംഘട്ടമായി കുറഞ്ഞു എന്നും റിപ്പോര്‍ട്ട് പറയുന്നു. എല്ലാ ജില്ലകളിലും പ്രസവ നിരക്ക് കുറഞ്ഞെന്നാണ് സര്‍ക്കാര്‍ കണക്ക്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്. 45ശതമാനം. കുഞ്ഞുങ്ങളോടുള്ള പുതിയ തലമുറയുടെ വിമുഖതയും വിദേശത്തേക്കുള്ള കുടിയേറ്റവുമാണ് കുറവിന് പ്രധാന കാരണമായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 30 വയസിന് താഴെയുള്ളവരില്‍ വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവും ഗര്‍ഭഛിദ്രം നടത്തുന്നവര്‍ വര്‍ദ്ധിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. യുവതലമുറയിലെ പലരും പ്രാരാബ്ധങ്ങള്‍ ചൂണ്ടിക്കാട്ടി കുട്ടികള്‍ ഉടന്‍ വേണ്ടെന്ന നിലപാടെടുക്കുന്നതും കാരണമാകുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. മറ്റൊരു കൂട്ടര്‍ക്ക് ഒരു കുട്ടി മതി. ചിലര്‍ക്ക് കുട്ടികള്‍ വേണ്ടെന്ന നിലപാടുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.