സംസ്ഥാനത്ത് ചൂട് കൂടുന്നതായി കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ പതിവിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പൊതുജങ്ങൾ സൂര്യാതപവും നിർജലീകരണവും ഉണ്ടാകാതെ സൂക്ഷിക്കുക. പകൽ 11 മുതൽ ഉച്ചയ്ക്കുശേഷം 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലമാണ് ഊഷ്മാവ് ഉയർന്നു നിൽക്കുന്നത്. ചൂടിനെ നേരിടാൻ നിർജലീകരണം ഒഴിവാക്കാൻ പരമാവധി ശുദ്ധജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം, മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ കഴിക്കാം, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, തീ പിടിത്തം, കാട്ടുതീ എന്നിവയോട് ജാഗ്രത പാലിക്കുക, പൊതുപരിപാടികൾ നടത്തുന്നവർ തണൽ, കുടിവെള്ളം എന്നിവ ലഭ്യമാണെന്ന് ഉറപ്പുവരുത്തണം, വെയിലിൽ കന്നുകാലികളെ മേയാൻ വിടരുത് എന്നിവ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.