പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ലോങ് കോവിഡ് ബാധിക്കാനുള്ള സാധ്യത 31 ശതമാനം കൂടുതലെന്ന് പുതിയ പഠന റിപ്പോർട്ട്

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ലോങ് കോവിഡ് ബാധിക്കാനുള്ള സാധ്യത 31 ശതമാനം കൂടുതലെന്ന് പുതിയ പഠന റിപ്പോർട്ട്. ജേർണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (ജെ.എ.എം.എ.) നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ, ഗുരുതര കോവിഡ് ബാധയും മരണനിരക്കും കൂടുതൽ പുരുഷന്മാരിലാണ് കാണുന്നത്. 40-നും 55-നും ഇടയിൽ പ്രായമുള്ള, ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിൽ ലോങ് കോവിഡിനുള്ള സാധ്യത 42 ശതമാനമാണ്. ആർത്തവ വിരാമം സംഭവിക്കാത്ത സ്ത്രീകളിൽ 45 ശതമാനവും സാധ്യത കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. യു.എസിലെ ടെക്‌സാസ് സർവകലാശാലയിലെ ഹെൽത്ത് സെന്റർ സയൻസിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 12,276 പേരിൽ പഠനം നടത്തി. ഇതിൽ 73 ശതമാനം പേരും സ്ത്രീകളാണ്. 2021 ഒക്ടോബറിനും 2024 ജൂലായ്ക്കും ഇടയിലായിരുന്നു പഠനം നടത്തിയത്. 18-നും 39-നും ഇടയിൽ പ്രായമുള്ളവർ ഒഴികെയുള്ള മുഴുവൻ സ്ത്രീകളിലും വംശം, ഗോത്രം, കോവിഡ് വേരിയന്റ്, രോഗതീവ്രത തുടങ്ങിയവയ്ക്ക് അതീതമായി ലോങ് കോവിഡ് വരാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് 31 ശതമാനം കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. ലോങ് കോവിഡ്, പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നതിലെ വ്യത്യാസം കണ്ടെത്തുന്നതിലൂടെ കൃത്യതയുള്ള മരുന്ന് വികസിപ്പിച്ചെടുക്കാമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.