ഡെങ്കിപ്പനി സാധ്യത രണ്ടുമാസം മുന്‍പേ പ്രവചിക്കാനുള്ള മാതൃക വികസിപ്പിച്ച് പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജിയിലെ മലയാളി ശാസ്ത്രജ്ഞൻ

ഡെങ്കിപ്പനി സാധ്യത രണ്ടുമാസം മുന്‍പേ പ്രവചിക്കാനുള്ള മാതൃക വികസിപ്പിച്ച് പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജിയിലെ മലയാളി ശാസ്ത്രജ്ഞൻ. കോട്ടയം ഭരണങ്ങാനം സ്വദേശി ഡോ. റോക്‌സി മാത്യു കോളിന്റെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ഥിനി എറണാകുളം മൂക്കന്നൂര്‍ സ്വദേശിനി സോഫിയ യാക്കോബ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. കാലാവസ്ഥയും ഡെങ്കിപ്പനിയും തമ്മിലുള്ള ബന്ധം നിര്‍മിതബുദ്ധിയും, മെഷീന്‍ ലേണിങ്ങും അടിസ്ഥാനമാക്കി കണക്കുകൂട്ടി പ്രവചിക്കുന്നതിനുള്ള സംവിധാനമാണിത്. മഴയുടെയും താപനിലയുടെയും അടിസ്ഥാനത്തില്‍ കൊതുകു വളരാനും ഡെങ്കിപ്പനി വ്യാപിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കണക്കാക്കുകയാണു ചെയ്യുന്നത്. കേരളം പോലെ ഡെങ്കിപ്പനി സാധ്യതയുള്ള സംസ്ഥാനത്ത് ഇതിന്റെ പ്രയോജനം ഏറെയാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ കാലാവസ്ഥയും ഡെങ്കിയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളിലേക്ക് അറിവുപകരുന്ന ഗവേഷണപ്രബന്ധം അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ‘സയന്റിഫിക് റിപ്പോര്‍ട്സി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.