ജമ്മു-കശ്മീരിലെ രജൗരിയില്‍ 17 പേരുടെ ജീവനെടുത്തത് ഓര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പ്പെടുന്ന വിഷമാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

ജമ്മു-കശ്മീരിലെ രജൗരിയില്‍ 17 പേരുടെ ജീവനെടുത്തത് ഓര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പ്പെടുന്ന വിഷമാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. മരിച്ചവരുടെ സാംപിളുകളില്‍ ന്യൂറോടോക്‌സിനുകളുടെ ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലും നാഡീവ്യവസ്ഥയിലുമുണ്ടായ തകരാറിനെ തുടർന്നാണ് എല്ലാവരും മരിച്ചത്. ഞായറാഴ്ച ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം ജമ്മു ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചത്. വിഷം തിരിച്ചറിഞ്ഞതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് മറുമരുന്ന് നല്‍കിത്തുടങ്ങിയിട്ടുണ്ടെന്നും ഇത് രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ഓര്‍ഗാനോ ഫോസ്ഫറസ് വിഷം ശരീരത്തിലെത്തുന്നത്. അതിനാൽ തന്നെ ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷിക്കുമെന്നും ആരെങ്കിലും മനപൂര്‍വം വിഷം കലര്‍ത്തിയതാണോ, മനഃപൂർവമല്ലാതെ സംഭവിച്ചതാണോ എന്ന് പരിശോധിക്കുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. ലഖ്‌നൗവിലെ ടോക്സിക്കോളജി ലബോറട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിഷവസ്തു ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കൂടുതൽ പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചത്. ഈ പരിശോധനാഫലമാണ് ഓര്‍ഗാനോ ഫോസ്ഫറസ് വിഷം ഉള്ളില്‍ചെന്നാണ് മരണങ്ങളുണ്ടായതെന്ന് സ്ഥിരീകരിച്ചത്. ഗ്രാമത്തിലെ ജലസംഭരണിയില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തുക്കയും ചെയ്തു.