മൂന്നുവര്‍ഷം 1000 കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി തിരുവനന്തപുരം എസ്എടി ആശുപത്രി

മൂന്നുവര്‍ഷം 1000 കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി തിരുവനന്തപുരം എസ്എടി ആശുപത്രി. സ്വകാര്യ മേഖലയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന എക്‌മോ ചികിത്സയും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയും ഉള്‍പ്പെടെ ഈ കാലഘട്ടത്തില്‍ എസ് എ ടി യില്‍ ആരംഭിച്ചുവെന്ന് മന്ത്രി വീണ ജോർജ് ഫേസ്ബുക് പോസ്റ്റിലൂടെ കുറിച്ചു. 2021 സെപ്റ്റംബര്‍ മാസത്തിലാണ് പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഉദ്ഘാടനം ചെയ്തത്. സ്വകാര്യ മേഖലയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന എക്‌മോ ചികിത്സയും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയും ഉള്‍പ്പെടെ ഈ കാലഘട്ടത്തില്‍ എസ്.എ.ടി.യില്‍ ആരംഭിച്ചു. 850 കാത്ത്‌ലാബ് പ്രൊസീജിയറുകളും 150 ഓപ്പണ്‍ ഹൃദയ ശസ്ത്രക്രിയകളും നടത്തി കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് നയിച്ചു. അത്യാധുനിക സൗകര്യങ്ങളായ പീഡിയാട്രിക് കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലബോറട്ടറി, കുട്ടികള്‍ക്ക് മാത്രമായുള്ള ഹൃദയ ശസ്ത്രക്രിയാ തീയേറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു, ഹൈ എന്‍ഡ് എക്കോകാര്‍ഡിയോഗ്രാഫി മെഷീനുകള്‍ എന്നിവ സജ്ജമാക്കി. സംസ്ഥാനത്ത് ജന്മനായുള്ള ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന എല്ലാ കുട്ടികളുടെയും ചികിത്സ ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. എസ്.എ.ടി. ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിക്കുന്നതായും ആരോഗ്യ മന്ത്രി കുറിപ്പിൽ കൂട്ടിച്ചേർത്തു.